പങ്ക് വെക്കാം

നിത്യേന ഓഫീസുകളിലും വ്യവസായ ശാലകളിലും വീടുകളിലും ഉപയോഗിച്ചു വരുന്ന  ഒരുതരം സ്വിച്ച് ആണ് റിലേ. വലിയ തോതിലുള്ള വൈദ്യുതി കൈമാറ്റത്തിനാണ് റിലേ ഉപയോഗിക്കുന്നത്. സാധാരണഗതിയില്‍ കണ്ടു വരുന്ന വൈദ്യുതി ഉപകരണങ്ങളായ ബള്‍ബുകള്‍ ടെലിവിഷന്‍ മോട്ടോര്‍, ഫാന്‍ തുടങ്ങിയവ നിയന്ത്രിക്കാന്‍ റിലേ ഉപയോഗിക്കുന്നു. ചെറിയ  പവര്‍ ഉപയോഗിച്ചു  പ്രവര്‍ത്തിക്കുന്ന സര്‍ക്ക്യൂട്ടിലേക്ക് വലിയ പവര്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന  സര്‍ക്ക്യൂട്ടുകള്‍ യോജിപ്പിക്കുന്നതിനും റിലേ ഉപയോഗിച്ചു വരുന്നു. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ചെറിയ DC വോള്‍ട്ട്ല്‍ (5DC വോള്‍ട്ട് or 9DC വോള്‍ട്ട്) പ്രവര്‍ത്തിക്കുന്ന നിയന്ത്രണ സര്‍ക്ക്യുട്ടുകള്‍ (മൈക്രോകണ്‍ട്രോളര്‍ സര്‍ക്ക്യുട്ടുകള്‍) വലിയ തോതിലുള്ള AC വോള്‍ട്ട്ല്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങളുമായി (പമ്പിംഗ് മോട്ടോര്‍, വാട്ടര്‍ ഹീറ്റര്‍, എയര്‍ കംപ്രസറുകള്‍) യോജിപ്പിക്കുന്നതിനും റിലേ ഉപയോഗിച്ചു വരുന്നു. റിലേ ഉപയോഗിക്കുമ്പോള്‍ നമ്മള്‍ ഒരുപാട് പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാറുണ്ട്. ഈ ലേഖനത്തില്‍ റിലേയുടെ പ്രവര്‍ത്തനവും അവയുടെ ഉപയോഗവും എങ്ങനെ എന്ന് വിശദീകരിക്കുന്നു.

റിലേയുടെ ഘടന

പ്രധാനമായും രണ്ടു തരം റിലേകളാണ് ഇന്ന് നിലവിലുള്ളത്.

  • ഇലക്ട്രോമെക്കാനിക്കല്‍ റിലേ.
  • സോളിഡ് സ്റ്റേറ്റ് റിലേ.

ആദ്യമായി ഇലക്ട്രോമെക്കാനിക്കല്‍ റിലേകളെ കുറിച്ച് മനസിലാക്കാം.


ഇലക്ട്രോമെക്കാനിക്കല്‍ റിലേകളില്‍ ഒരു കാന്തികശക്തിയാൽ സമ്പർക്കം (കോണ്ടാക്റ്റ്) തുറക്കപ്പെടുകയോ അടയ്ക്കുകയോ ചെയ്യുന്നു. വലിയ തോതിലുള്ള വൈദ്യുതി സ്വിച്ചിങ്ങിന് ഇലക്ട്രോമെക്കാനിക്കല്‍ റിലേകളാണ് ഉപയോഗിക്കുന്നത്. കൊണ്ടാക്റ്റുകള്‍ തമ്മില്‍ താരതമ്മ്യേന കൂടുതല്‍ അകലം പാലിക്കുന്നതിനാല്‍ വ്യക്തമായ ഓണ്‍ ഓഫ് സാധ്യമാക്കുന്നു. ഒരു ഇലക്ട്രോമെക്കാനിക്കല്‍ റിലേയുടെ പ്രധാന ഭാഗങ്ങളും പ്രവര്‍ത്തനവും മുകളില്‍ കൊടുത്ത ചിത്രത്തില്‍നിന്നും മനസിലാക്കാം.

  • ഇലക്ട്രോമാഗ്നെറ്റ് (വൈദ്യുതകാന്തം) – ഒരു പച്ചിരുമ്പ് കോറില്‍ ചെമ്പ് കമ്പികൊണ്ട് ചുറ്റിവച്ചിരിക്കുന്നു. ഈ ചെമ്പ്കമ്പിയിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ അവക്ക് ഒരു കാന്തിക ശക്തി കൈ വരുന്നു.
  • ആര്‍മേച്ചര്‍ – റിലേയുടെ ചലിക്കുന്ന ഭാഗമാണിത്. വൈദ്യുതകാന്തത്തിന് കാന്തിക ശക്തി കൈ വരുമ്പോള്‍ ആര്‍മേച്ചറിനെ അവയിലേക്കു ആകര്‍ഷിക്കുന്നു തല്‍ഫലമായി കോമണ്‍  ആഗ്രവും   സാധാരണയായി തുറന്നിരിക്കുന്ന അഗ്രവും തമ്മില്‍ സമ്പര്‍ക്കം വരുന്നു. കാന്തിക ശക്തി നഷ്ട്ടപ്പെടുമ്പോള്‍ ഒരു സ്പ്രിങ്ങിന്‍റെ സഹായത്തോടെ ആര്‍മേച്ചര്‍ തല്‍സ്ഥാനത്തേക്ക് തന്നെ തിരിച്ചു പോവുകയും ചെയ്യുന്നു.
  • അഗ്രങ്ങള്‍  –  വൈദ്യുതകാന്തത്തിന്  അവയുടെ പ്രവര്‍ത്തനത്തിനാവശ്യമായ വൈദ്യുതി  കടുക്കാന്‍ ഉപയോഗിക്കുന്ന അഗ്രങ്ങളാണ്  കോയില്‍ അഗ്രങ്ങള്‍.  ഏതു  സര്‍ക്ക്യുട്ടിനാണോ സ്വിച്ച് ചെയ്യേണ്ടത്  അവ ബന്ധിപ്പിക്കേണ്ട   അഗ്രങ്ങളാണ് കോമണ്‍ അഗ്രം, സാധാരണ തുറന്ന അഗ്രം, സാധാരണ അടഞ്ഞ അഗ്രം (common, Normally open – NO, Normally Closed – NC).

വിവധതരം ഇലക്ട്രോമെക്കാനിക്കല്‍ റിലേകള്‍

പൊതുവക ഉപഭോഗ റിലേകള്‍ (General Purpose Relays) – ഒരു സാധാരണ കാന്തിക കൊയിലിനാൽ പ്രവർത്തിപ്പിക്കുന്ന ഇലക്ട്രോ മെക്കാനിക്കൽ സ്വിച്ചുകളാണ് പൊതുവക ഉപഭോഗ റിലേകള്‍. ഈ റിലേകൾ എസി അല്ലെങ്കിൽ ഡിസി വോള്‍ട്ടേജ് ഉപയോഗിച്ച് പ്രവർത്തിക്കുന്നു, സാധാരണ 12V, 24V, 48V, 120V, 230V എന്നീ വോൾട്ടേജുകളിൽ 2A-30A മുതൽ വൈദ്യുത പ്രവാഹങ്ങൾ നിയന്ത്രിക്കാം. ഈ റിലേകൾ ലാഭകരമാണ്, വൈവിധ്യമാർന്ന സ്വിച്ച് കോൺഫിഗറേഷനില്‍ ക്രമീകരിക്കാനും  മാറ്റി പകരം വയ്ക്കാനും  എളുപ്പമാണ്.

യന്ത്ര നിയന്ത്രണ റിലേകള്‍ – (മഷീന്‍ കട്രോള്‍ റിലേകള്‍) – മെഷീൻ കൺട്രോൾ റിലേകളും ഒരു കാന്തിക കോയിലാണ് പ്രവർത്തിപ്പിക്കുന്നത്. സ്റ്റാർട്ടറുകളും മറ്റ് വ്യാവസായിക ഘടകങ്ങളും നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ഉയര്‍ന്ന വൈദ്യുത റിലേകളാണ് ഇവ. പൊതു ഉദ്ദേശ്യ റിലേകളേക്കാൾ കൂടുതൽ വിലകൂടിയവയാണെങ്കിലും അവ സാധാരണയായി കൂടുതൽ മോടിയുള്ളവയാണ്. മെഷീൻ കൺട്രോൾ റിലേകളോടൊപ്പം ആവശ്യമായ മറ്റു ഘടഗങ്ങള്‍ കൂട്ടി ചേര്‍ക്കാന്‍ കഴിയും എന്നതാണ്  മെഷീൻ കൺട്രോൾ റിലേകൾക്കുള്ള ഏറ്റവും വലിയ നേട്ടം. അധികമായി , പോൾസ്,  കോൺടാക്റ്റുകൾ, ഇലക്ട്രിക്കൽ നോയിസ് നീക്കം ചെയ്യാനുള്ള ഉപകരണങ്ങള്‍ , ലാച്ചിംഗ് കൺട്രോൾ, ടൈമിംഗ് അറ്റാച്ച്മെൻറുകൾ എന്നിവ ഉൾപ്പെടെ യന്ത്ര നിയന്ത്രണ റിലേയ്ക്ക് വിശാലമായ സൗകര്യങ്ങള്‍ ലഭ്യമാണ്.

റീഡ് റിലേകള്‍  (Reed Switches) – രണ്ടു ലോഹ കമ്പികള്‍ ഒരു ഗ്ലാസ്‌ പേടകത്തിനകത്ത് അടച്ചു വച്ചിരിക്കുന്നതാണ് റീഡ് റിലേകള്‍. ലോഹ കമ്പികളുടെ അഗ്രങ്ങള്‍ ഗ്ലാസ് ട്യുബിന് പുറത്തേക്ക് തള്ളി നില്‍ക്കും. പുറത്തേക്ക് നില്‍ക്കുന്ന ഈ അഗ്രങ്ങളാണ് സ്വിച്ച് ന്‍റെ കോണ്ടാക്ട് അഗ്രങ്ങള്‍. വൈദ്യുത കാന്തങ്ങളോ, സ്ഥിര കാന്തങ്ങളോ അവയുമായി അടുത്തുവരുമ്പോള്‍  ഗ്ലാസ്സിനുള്ളിലെ അഗ്രങ്ങള്‍ തമ്മില്‍ സമ്പര്‍ക്കത്തിലാവു കയും വൈദ്യുതി പ്രവാഹം സാധ്യമാവുകയും ചെയ്യുന്നു.

അടുത്തതായി സോളിഡ് സ്റ്റേറ്റ് റിലേ എന്താണെന്നു മനസ്സിലാക്കാം

അര്‍ദ്ധചാലകങ്ങളാല്‍ നിര്‍മ്മിച്ചിട്ടുള്ളവയാണ് സോളിഡ് സ്റ്റേറ്റ് റിലേകള്‍. ചലിക്കുന്ന ഭാഗങ്ങളോ ഉയര്‍ന്ന വൈദ്യുതി ആവശ്യമായ കമ്പി ചുരുളുകളോ (കോയില്‍)   ഇല്ല എന്നതാണ് സോളിഡ് സ്റ്റേറ്റ് റിലേകളുടെ ഏറ്റവും വലിയ പ്രത്യേകത. അതുകൊണ്ടുതന്നെ ചെറിയൊരു കണ്‍ട്രോള്‍ വോൾട്ടേജ്കൊണ്ട്  സോളിഡ് സ്റ്റേറ്റ് റിലേകൾ ഓണാക്കുകയോ ഓഫ് ചെയ്യുകയോ ചെയ്യാം.  സ്വിച്ചിങ്ങ് പൂര്‍ണമായും ഇലക്ട്രോണിക് രീതിയിലാണ്.  അര്‍ദ്ധചാലകങ്ങളാല്‍ നിര്‍മ്മിച്ചിട്ടുള്ള  സിലിക്കണ്‍ കണ്‍ട്രോള്‍ഡ്  റെക്ടിഫയറുകളാണ് (SCR) സോളിഡ് സ്റ്റേറ്റ് റിലേകളില്‍ സ്വിച്ചായി പ്രവര്‍ത്തിക്കുന്നത്. കോൺടാക്റ്റുകളുടെയും ചലിക്കുന്ന ഭാഗങ്ങളുടെയും അഭാവം അവയെ ആർക്കിങ്ങില്‍ (രണ്ട് കോണ്ടാക്ടുകള്‍ക്കിടയിലെ സ്പാര്‍ക്ക്) നിന്നും തേയ്മാനത്തില്‍നിന്നും സുരക്ഷിതമാക്കുന്നു.


പങ്ക് വെക്കാം